23മത് കേരള ബാംബൂ ഫെസ്റ്റ്

18–23 ഡിസംബര്‍, 2026

മുളമേഖലയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി സംഘടിപ്പിക്കുന്ന ദേശീയതലത്തിലുള്ള പരിപാടിയായ 23-ാമത് കേരളം ബാംബൂ ഫെസ്റ്റ് 2026 ഡിസംബർ 18 മുതൽ 23 വരെ കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും.

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബാംബൂ മിഷനും (KSBM) കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും (KBIP) ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ദേശീയ ബാംബൂ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുള കരകൗശല വിദഗ്ധർ, ശില്പികൾ, സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ, യന്ത്രസാമഗ്രി വിതരണക്കാർ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവർ ഫെസ്റ്റിൽ പങ്കെടുക്കും.

മുളകൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കൾ, ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, നൂതന ആശയങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനം ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും. അറിവുകൾ പങ്കുവയ്ക്കുന്നതിനും പരസ്പര സഹകരണം വളർത്തുന്നതിനും ബിസിനസ് വികസനത്തിനും വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും ഈ പരിപാടി അവസരമൊരുക്കും. മുളയുടെ സർഗാത്മകമായ സാധ്യതകളും സുസ്ഥിര ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനത്തിലും മുളയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യവും ഫെസ്റ്റ് എടുത്തുകാട്ടും.

വേദി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ട്, കലൂർ, കൊച്ചി, കേരളം.

Published on: Saturday, October 10, 2026